പരവൂർ: പൊതുമേഖല ടെലികോം കന്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 3 ജി സേവനങ്ങൾ അവസാനിപ്പിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
4 ജി സേവനങ്ങൾ രാജ്യവ്യാപകമായി അവതരിപ്പിച്ചതിനു പിന്നാലെയാണ് 3 ജി സേവനങ്ങൾ അവസാനിപ്പിക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചിട്ടുള്ളത്.
രാജ്യത്തു നിലവിൽ 9,74,81 4 ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ എണ്ണം വർധിപ്പിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. ബിഎസ്എൻഎല്ലിനു രാജ്യത്ത് 3 ജി ടവറുകൾ 58,919 എണ്ണമുണ്ട്. 3 ജി സേവനം നൽകുന്നതിനായി ബിഎസ്എൻഎല്ലുമായി സഹകരിക്കുന്ന ചൈനീസ് കമ്പനിയുമായുള്ള കരാർ ഉടൻ അവസാനിപ്പിക്കാനാണു തീരുമാനം. 3 ജി സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ എല്ലാ സർക്കിളുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾപ്രകാരം 9.23 കോടി മൊബൈൽ വരിക്കാരാണ് ബിഎസ്എൻഎല്ലിനുള്ളത്. ഇതിൽ ഏഴു കോടി പേർ ഇപ്പോഴും 3 ജി സേവനങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്രയും പേർക്കും ബിഎസ്എൻഎൽ ഓഫീസിലെത്തി 4 ജി സിമ്മുകൾ എടുക്കുന്നതിനുള്ള അവസരം നൽകും.
അതേസമയം ബിഎസ്എൻഎല്ലിന്റെ അധിക 4 ജി സൈറ്റുകളും 5 ജി അപ്ഗ്രേഡും ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. സമീപഭാവിയിൽത്തന്നെ 23,000 നാലാം തലമുറ (4 ജി) സൈറ്റുകൾകൂടി പുറത്തിറക്കും. കൂടാതെ സ്വകാര്യമേഖലയിലെ കമ്പനികളുമായി മത്സരിക്കുന്നതിന് അടുത്ത തലമുറ (5 ജി) സാങ്കേതിക വിദ്യയിലേക്ക് നെറ്റ്വർക്കുകളെ അപ്ഗ്രേഡ് ചെയ്യും.
ഇതുകൂടാതെ സ്വകാര്യ കമ്പനികളുമായി 5 ജി സേവനം പങ്കിടാനും ബിഎസ്എൻഎൽ ആലോചിക്കുന്നുണ്ട്.